2014, മേയ് 21, ബുധനാഴ്‌ച

പ്രിയ സുഹുർത്തിന്,,,

സൌഹ്രദം എന്ന വാക്ക് പോലും എത്ര സംഗീതാത്മകമാണ്. സുഫൈദ് പ്രിയ സുഹുർത്ത് എന്നിലേക്ക് കടന്നു വന്നത് ഒരു പാട് പാട്ടുകളുമായിട്ടായിരുന്നു. മാപ്പിളപ്പാട്ടിന്റെ ഈരടികളിലൂടെ, ഗസൽപ്പൂക്കൾതൻ സുഗന്ധവർഷത്തിലൂടെ,  അവൻ ഞങ്ങളെ പുതിയ ലോകത്തേക്ക് കൂട്ടി കൊണ്ട് പോയി. ഹയർ സെകാണ്ടറി ജീവിതത്തിന്റെ ആദ്യ നാളുകളിലൊന്നിൽ ഇമ്പമേറും ഹിന്ദുസ്ഥാനി സംഗീതം അവനിലെ പാട്ടുകാരനെ  ഞങ്ങൾക്ക് കാട്ടി തന്നു. പ്രവാചക പരമ്പരയിലെ മുത്തുമണികളിലോന്നായ സുഹുർത്ത് പരിശുദ്ധ മാസത്തിലെ ഇടവേളകളിൽ പ്രവാചക പ്രകീർത്തനങ്ങളുടെവിസ്മയ ലോകം തീർക്കാരുള്ളത്  ഇന്നും ഞാനോർക്കുന്നു.   

കോളേജ് ജീവിതം അവിസ്മരണീയമാക്കിയ സുഹുര്തുക്കൾ "മുട്ടിപ്പാട്ടിന്റെ" ലോകത്ത് അനിർവചനീയമായ ആനന്ദം തീർത്ത നാളുകളിൽ അവർക്ക് നേത്രത്വം നല്കിയതും അവൻ തന്നെ. മാച്ചിനാരികുന്നിൽ രാത്രിയുടെ നിശബ്ദതയിൽ ഞങ്ങൾ ഒരുകൂട്ടം സുഹുർതുകലുമായി ഒത്തു കൂടിയത് ഓർത്തു പോവുന്നു, എത്ര സുന്ദരമായിരുന്നു  ആ രാത്രി..

അറിവ് തേടി അവൻ  ഉത്തരേന്ത്യയിലേക്ക്  യാത്ര ചോദിച്ചപ്പോൾ അഭിമാനമാണ് തോന്നിയത്, അലിഗറിലെക്കുള്ള യാത്ര എന്റെ സുഹുർത്തിനെ കൂടുതൽ ഉന്നതനാക്കും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. കൂടുതൽ പക്വത ആർജിച്ച സുഹുർത്ത് എന്നെയും ഉത്തരേന്ത്യയിൽ എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചു. പേമാരിയായി പ്രതിസന്ധികൾ ജീവിതത്തിൽ ആകുലതകൾ സൃഷ്ടിക്കുന്ന നിമിഷങ്ങളിൽ  അവന്റെ ആശ്വാസ വാക്കുകൾ എത്ര ആശ്വസകരമാനന്നു ഞാനറിഞ്ഞു.
ഈ കുറിപ്പ് പ്രിയ സുഹുര്തിനുള്ള ആശംസകളാണ്, സഹപ്രവര്തകനുള്ള അഭിവാദ്യങ്ങളാണ്. പ്രസിദ്ധമായ അസിം പ്രേംജി യുനിവെർസിറ്റിയിൽ ഡവലപ്മെന്റ് സ്റ്റുദീസിൽ അവൻ പ്രവേശനം നേടിയിരിക്കുന്നു. ബംഗളുരുവിലെ പുതിയ തട്ടകത്തിൽ- പുതിയ ലോകത്ത്, നാടിന്റെ നന്മക്ക് വേണ്ടി വൈജ്ഞാനിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധികട്ടെ എന്നാശംസിക്കുന്നു, എല്ലാവിധ  ഭാവുകങ്ങളും.

2014, മേയ് 20, ചൊവ്വാഴ്ച

മോഡി പേടി

മെയ് 16 നു അഥവാ രാജ്യത്തെ നിർണായകമായ തിരഞ്ഞടെപ്പ്  ഫലം  വരുന്ന  ദിവസം  എംഫിൽ പ്രവേശന പരീക്ഷ എഴുതാൻ ജെഎൻയു കാമ്പസിൽ നിന്ന് കുറച്ചധികം അകലുത്തുള്ള  ജനക്പുരി  എന്ന സ്ഥലത്തേക്ക് യാത്ര ചെയ്യേണ്ടതായി വന്നു എനിക്ക്. മെട്രോയിൽ നിന്നിറങ്ങി റിക്ഷാകാരെ (നമ്മുടെ നാടിലെ ഓട്ടോ റിക്ഷ മനസ്സില് ധ്യാനിച്ച് കളഞ്ഞെക്കരുത്, ഇത് സൈക്കൾ റിക്ഷ..!) നാലുപാടും  നോകിയപ്പോൾ തന്നെ "ബായ് സാബ്" എന്ന വിളിയുമായി യുവാവ് അരികിലേക്ക് വന്നു. കുറച് നേരത്തെ വിലപേശലിനു ശേഷം അദ്ദേഹത്തിന്റെ റിക്ഷയിൽ യാത്ര ഉറപ്പിച്ചു. കൂലി 30 രൂപ..!

തിരഞ്ഞടുപ്പ്  ദിവസം എക്സാം വന്നതിൽ നിരാശയിലായിരുന്നു ഞാൻ, ആധുനിക ഭാരതിത്തിലെ വളരെ നിർണായകമായ തിരഞ്ഞെടുപ്പാണ് പതിനാറാം ലോക്സഭയിലേക്  നടന്നത്.  മോഡി തരംഗം ഏകദേശം മനസ്സിൽ ഉറപ്പിച്ചിരുന്നു ഞാൻ..! ഹൈടെക് സിറ്റി മുതൽ ദൽഹി  മഹാ നഗരത്തിലെ ഗല്ലികൽ വരെ മോഡിയായിരുന്നു ചർച്ച... മോഡിത്വം ആഘോഷിക്കപെടുന്നത് കാണാമായിരുന്നു.രാജ്യത്തെ സകലമാന പ്രശ്നങ്ങൾകുമുള്ള പ്രതിവിധിയായി മോഡി അവതരിക്കപെട്ടു. എന്തിനേറെ രാജ്യത്തെ പ്രബുദ്ധ കാമ്പസിലെ പല  സുഹുര്തുകൾ പോലും  മോഡി പോരിഷ പാടാൻ തുടങ്ങിയിരുന്നു.ക്ലാസ്സ് മുറി ചർച്ചകളിൽ ലിബറൽ മൂല്യങ്ങളുടെ വക്താവ് ചമയുന്നവർക്കും മോഡി ആയിരുന്നു  പഥ്യം. ആകാംഷയോടെ, പ്രത്യക്ഷത്തിൽ ദാരിദ്ര്യത്തിന്റെ അടയാളങ്ങൾ  പേറുന്ന റിക്ഷകാരൻ സുഹുർത്തിനോട്‌ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ആരായാൻ തുടങ്ങി. ഹൈ ടെക് സിറ്റിയിലെ  ദരിദ്ര നാരായണൻമാർ തിരഞ്ഞെടുപ്പിനെ എങ്ങനെ കാണുന്നു എന്നറിയാനുള്ള കൌതുകമായിരുന്നു എന്നിൽ.

"ചുനാബ് മേ കോൻ ജീതെഗാ ഭയ്യാ.." ഇലക്ഷനിൽ ആര് ജയികുമെന്ന എന്റെ ചോദ്യത്തിനു റിക്ഷാവാലയുടെ  മറുപടി
"കോണ്‍ഗ്രസ്‌" എന്നായിരുന്നു ..! തെല്ലോരാശാസ്വം തോന്നി എനിക്ക്, ഇതാ സാധാരണക്കാരിൽ സാധാരണക്കാരനായ  റിക്ഷാവാല കോണ്‍ഗ്രസ്‌ ജയിക്കുമെന്ന് അഥവാ ബി ജെ പി അധികാരത്തിൽ വരില്ലാന്ന് പ്രവചിച്ചിരിക്കുന്നു..  കോണ്‍ഗ്രസ്‌ ജയികുന്നതിലെക്കാളുപരി മോഡി അധികാരത്തിൽ വരില്ലല്ലോ എന്ന ആശ്വാസം.. രാജ്യം നരാധമനായ നരേന്ദ്ര മോഡിക്ക് തീരെഴുതപെടില്ലല്ലോ  എന്ന ചിന്ത ആയിരുന്നു എന്നിൽ.

എങ്കിൽ പിന്നെ എന്തോകൊണ്ടാണ്  അദ്ദേഹം കോണ്‍ഗ്രസ്‌ സർകാർ തിരിച്ചു വരുമെന്ന് കരുതുന്നത് എന്നതറിയാൻ തന്നെ തീരുമാനിച്ചു. ജെഎൻയു മെസ്സ് ചർച്ചകളിൽ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ ആയ സുഹുര്തിനോഴിച് മറ്റൊരാൾക്കും കോണ്‍ഗ്രസ്‌ ഭരണം ഊഹിക്കാൻ പോലും പറ്റില്ലായിരുന്നു. ഞാൻ ചോദിച്ചു..,
"ആരെ യാർ, കോണ്‍ഗ്രസ്‌ ഡൽഹിയിൽ തോറ്റതല്ലേ, പിന്നെ എങ്ങനെയാ  കോണ്‍ഗ്രസ്‌ വരുന്നത്..!" അതൊന്നും മൂപ്പർക്ക് പ്രശ്നമായിരുന്നില്ല, മൂപ്പർ പറഞ്ഞു..
"കോണ്‍ഗ്രസ്‌ ജീതെഗാ, കോണ്‍ഗ്രസ്‌ സർക്കാർ ആയേഗാ.." അത് പറയുമ്പോൾ അദ്ധേഹത്തിന്റെ മുഖത്ത് കൂടുതൽ ഗൌരവം നിറയുന്നതായി തോന്നി,  ഒപ്പം അല്പം ആശങ്കയും..!

ഞാൻ പിന്നെ ഇലക്ഷനെ പറ്റി ഒന്നും ചോദിച്ചില്ല..,
എക്സാം സെന്റെർ അടുത്തെത്തിയപ്പോൾ സ്ഥലമെത്തി ഇറങ്ങികൊള്ളാൻ പറഞ്ഞു, ഏതായാലും ഇത്രയൊക്കെ  സംസാരിച്ച സ്ഥിതിക്ക്, പൈസ കൊടുത്തതിനു ശേഷം ഞാൻ അദ്ധേഹത്തിന്റെ പേര്  ചോദിച്ചു.. "സാബ്‌, ഹാം  ബേചാരാ മുസൽമാൻ ഹെ"
"ഞാനൊരു പാവം മുസൽമാൻ.." സ്വ പേരും, സ്വത്വവും മറ്റുള്ളവർക്ക് മുന്നിൽ പറയുന്നത് പോലും അപകർഷതയായി കാണേണ്ടി വരുന്ന ഉത്തരേന്ത്യൻ മുസല്മാന്റെ  ദയനീയത ഞാൻ അദ്ദേഹത്തിൽ  കണ്ടു,, ഒപ്പം നേരത്തെ കോണ്‍ഗ്രസ്‌ ജയിക്കുമെന്ന് പറഞ്ഞതിലെ ലോജിക്കും..!
റിക്ഷാവാല മടങ്ങുന്നതും നോകി നിൽകെ, എന്തോ ഒരു മാറ്റം എന്നിലും വന്ന പോലെ തോന്നി എനിക്ക്,  ഇനി വല്ല മോഡി പേടിയും  പകർന്നതാണോ...?.







2014, മാർച്ച് 27, വ്യാഴാഴ്‌ച

യാദവ മൗലവിമാരും ഉത്തരേന്ത്യൻ മുസ്ലിംകളും

ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ 'അസം ഖാൻ' ഫാക്ടറിനെ യും സമാജ് വാദി പാർട്ടിയെയും  വിലയിരുത്തുന്നു.



മുലായം സിംഗ് യാദവും ലാലു പ്രസാദ് യാദവും
വെത്യെസ്ത നോമ്പ് തുറ പരിപാടികളിൽ 
സമാജ് വാദി പാർടിയുടെ തല തൊട്ടപ്പനും, അവസാന വാക്കുമായ ശ്രി. മുലായം സിംഗ് യാദവിന്റെ അസംഗടിൽ നിന്നുള്ള സ്ഥാനാർഥി  പ്രക്യാപനവും തുടർന്ന് അദ്ദേഹം നടത്തിയ പ്രസംഗവും ഉത്തരേന്ത്യൻ മുസ്ലിം കളുടെ 'ചെകുത്താനും കടലിനുമിടയിലുള്ള' അവസ്ഥയെ പറ്റി കൂടുതൽ വ്യെക്തത നൽകുന്നതായി.

ഉത്തർ പ്രദേശിലെ 'മലപ്പുറം' ജില്ലയയായ അസംഗട്ടിൽ (Azamgarh) നിന്ന് മുലായം  മത്സരിക്കാനോരുങ്ങുമ്പോൾ അദ്ദേഹവും അദ്ദേഹത്തിൻറെ  പാർട്ടിയും ഉയർത്തുന്ന മുദ്രാവാക്യം തന്നെ ഭയത്തിന്റെ രാഷ്ട്രീയമാണ് . "ബി ജെ പി അധികാരത്തിൽ വരാതിരിക്കാൻ വിനീത പ്രജകളായി സൈക്കിൾ ചിഹ്ന്നത്തിൽ വോട്ടു ചെയ്യാനാണ്" സമാജ് വാദി പാർടി ന്യൂനപക്ഷങ്ങലോട്, പ്രത്യേകിച്ച്  മുസ്ലിംകളോട് ആഹ്വാനം ചെയ്യുന്നത്. ഇവിടെ പ്രസക്തമാവുന്നത് ബി ജെ പി എന്ന 'ഭീകര സ്വത്വത്തെ' ഉയർത്തി കാട്ടി ഉത്തരേന്ത്യൻ മുസ്ലിമിന്റെ ഭയത്തെയാണ് ശരിക്കും വോട്ടാകി മാറ്റുന്നത് എന്നതാണ്. കേരളത്തിലെ ആകെ  ജനസംഖ്യക്ക് തുല്യമാണ് ഉത്തർ പ്രദേശിലെ മാത്രം  മുസ്ലിം ജനസംഖ്യ എന്ന് കണക്കുകൾ പറയുന്നു, എന്നാൽ സമാജ് വാദി പാർടി സ്ഥാനാർഥി പട്ടികയിൽ കേവലം നാമമാത്രമായ പ്രതിനിധ്യമാനവർക്കുള്ളത്. സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചാൽ തന്നെ വിജയ സാധ്യത  കുറഞ്ഞ മണ്ഡലങ്ങളിൽ മത്സരിച്ച്  അവർക്ക് തൃപ്തിപെടേണ്ടി വരും. സച്ചാർ കമ്മിറ്റി ഉയർത്തി കാട്ടിയ ഇന്ത്യൻ മുസ്ലിംകൾ നേരിടുന്ന  പ്രധാന പ്രശ്നങ്ങളിൽ ഒന്നാണത്. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ ഈ പ്രവണത മുസ്ലിംകളെ  നിയമ നിര്മാണ സഭകളിൽ നിന്നും അകറ്റി നിർത്തുന്നു, ഫലമോ, അർഹിക്കുന്ന പ്രാതിനിധ്യം പോലും  നിയമ നിർമാണ സഭകളിൽ നിഷേധിക്കപെടുന്നു. 2009 ലെ ലോകസഭ തിരഞ്ഞടുപ്പിൽ സമാജ് വാദി പാർടി ടിക്കറ്റിൽ മത്സരിച്ചു വിജയിച്ച ഇരുപത്തിമൂന്നു  പേരിൽ ഒരു മുസ്ലിം പോലുംമില്ല എന്നാ വസ്തുത പ്രകടമായ നീതി നിഷേധം സൂചിപ്പിക്കുന്നു. ഈ ഇൻക്ലുസിവ് എക്സ്ക്ലുഷൻ (Inclusive Exclusion ) ചോദ്യം ചെയ്യപെടാതെ 'മുലായം മൌലവിയുടെ' നേത്രത്വത്തിൽ തുടർന്ന് കൊണ്ടിരിക്കുന്നു. ഒരു ഭാഗത്ത് അന്യായമായി  പലതും ലഭിക്കുന്നു എന്ന ആരോപണം (ബി ജെ പി യുടെ മുസ്ലിം പ്രീണന ആരോപണം ) മറുഭാഗത്ത് സമ നീതി  നിഷേധനത്തിന്റെ മാറാ ഭാണ്ടവും  പേറിയാണ് ഉത്തരേന്ത്യൻ മുസ്ലിം മുന്നോട്ട് പോവുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ ദേശീയ തലസ്ഥാന നഗരിയിൽ നിന്ന് കേവലം 200 കിലോ മീറ്റെർ മാത്രം അകലത്തിലുള്ള മുസാഫർ നഗറിൽ ഉണ്ടായ വർഗീയ കലാപം എല്ലാ അർത്ഥത്തിലും ഭീകരമായിരുന്നു. അയൽ സംസ്ഥാനങ്ങളായ ദൽഹി  ഹരിയാന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ട്രക്കുകളിലും ബസ്സുകളിലും മറ്റു വാഹനങ്ങളിലെത്തിയ ജാട്ട് വിഭാഗക്കാർ മുസാഫര്നഗരിലെ മുസ്ലിം പ്രദേശങ്ങൾ ആക്രമിക്കുകയായിരുന്നു. ബലാൽസംഘങ്ങളും, കൊള്ളിവേയ്പുകളും, കൊലപാതകങ്ങളും സാകൂതം തുടർന്ന് കൊണ്ടിരുന്നു. മുസ്ലിം രക്ഷകർ ചമഞ്ഞ് അധികാരത്തിലേറിയ സമാജ് വാദി പാർട്ടി കലാപം അടിച്ചമർത്തുന്നത് പോയിട്ട്  കലാപാനന്തരം ഇരകളെ പുനരധിവസിപ്പിക്കാൻ പോലും തയ്യാറായില്ല എന്നതാണ് ദുഖകരമായ സത്യം. പകരം  കലാപാനന്തര അസ്വസ്ഥതകൾ പുകഞ്ഞു നിൽക്കവേ മുലായം സിംഗ് യാദവിന്റെ ജന്മ നാട്ടിൽ ബോളിവുഡ് താരങ്ങളെ വിളിച് നൃത്ത പരിപാടി നടത്തുകയാണ് അഖിലേഷ് യാദവിന്റെ സർക്കാർ ചെയ്തത്. പുനരധിവാസത്തിനും മാന്യമായ  നഷ്ട പരിഹാരത്തിനും വേണ്ടിയുള്ള ന്യായമായ ആവശ്യങ്ങളെ ഒരു പ്രമുഖ സമാജ് വാദി പാർട്ടി നേതാവ് അപഹസിച്ചത് "അവർ പിച്ചയെടുക്കാൻ വന്നവരാണ് എന്നാണു" ഡിസംബറിലെ മരം കോച്ചുന്ന തണുപ്പിൽ അതി ശൈത്യം താങ്ങാൻ കഴിയാതെ പിഞ്ചു കുഞ്ഞുങ്ങളും പ്രായം ചെന്നവരുമടക്കം മരിച്ച് വീഴുംബോയാണ് ഈ തമാശ എന്നതോർക്കണം! ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്ത്യശാസനം നൽകിയതിനെ തുടർന്നാണ്‌ സമാജ് വാദി സർക്കാർ അല്പ്പമെങ്കിലും സഹായത്തിനെത്തിയത്.

മതേതരത്വത്തെ കേവല ഭയത്തിന്റെ രാഷ്ട്രീയത്തിലേക്ക് ചുരുക്കി കെട്ടാനാണ് ഉത്തരേന്ത്യയിലെ ഒട്ടു മിക്ക സെകുലർ പാർടി കളും ശ്രമിച്ചത്. മുസ്ലിംകളെ 'വോട്ട് ബാങ്ക് ' മാത്രമായി കാണാനായിരുന്നു പലർക്കും താല്പര്യം. അതിവൈകാരികതയും ഹിന്ദുത്വ ഘടകവും ഉയർത്തി കാട്ടി തിരഞ്ഞെടുപ്പ് ലാഭത്തിനു അവരെ ഉപയോഗിച്ച് ശേഷം വലിച്ചെറിയുന്ന കറിവേപ്പില രാഷ്ട്രീയം..!! വമ്പൻ സ്രാവുകളെ (ഉത്തരേന്ത്യൻ സാഹചര്യത്തിൽ ഉന്നത ജാതി മുസ്ലിംകളെ , ഉദാ: ഖാൻ ) കടലാസ്സു പുലികളാക്കി വച്ച് അധസ്ഥിത ജനവിഭാഗങ്ങളുടെ അവകാശങ്ങളെ നിഷേധിക്കുകയാണ് ഈ കൂട്ടർ ചെയ്തത്. മുസ്ലിം സ്വത്വത്തെ തന്നെ കേവലം അസം ഖാൻ, അബ്ദുൽ ബാരി സിദ്ദിഖി തുടങ്ങിയ കടലാസ് പുലികളിലെക്ക് ചുരുക്കി കെട്ടപെടുന്നു. 

മതേതരത്വത്തെ കേവലം 'ഏവർക്കും തുല്യ പരിഗണന' എന്ന അമ്പതുകളിലെ  സങ്കൽപ്പത്തിലെക്ക് ചുരുക്കി കെട്ടുന്നതിലെ അപകടം പാർഥ ചാറ്റെർജിയെ പോലുള്ള രാഷ്ട്രീയ ചിന്തകർ ചോദ്യം ചെയ്യുന്നുണ്ട്. ന്യൂന പക്ഷങ്ങൾക്ക് സഹിഷ്ണുതയിൽ ഊന്നിയ അംഗീകാരമാണ് വേണ്ടതെന്നു അദ്ദേഹം വാദിക്കുന്നു. ദളിതരെക്കാൾ പാർശ്വ വൽക്രിതരാനു മുസ്ലിം സമുദായം എന്ന് ജെസ്റ്റിസ് സച്ചാർ പറഞ്ഞു വെക്കുമ്പോൾ കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമാണ് മതേതരത്വത്തിന്റെ അപ്പോസ്തലന്മാർക്ക്‌ പറയാനുള്ളത്. ബംഗാളിലെ മുസ്ലിം സമുദായത്തിന്റെ നിർഭയ ജീവിതത്തെ  പറ്റി ഇടതു പക്ഷം ഈയിടെ വരെ  ഊറ്റം കൊള്ളാരുണ്ടായിരുന്നു, ഒരു പരിധിവരെ അത് ശരിയുമായിരുന്നു. വര്ഗീയ കലാപങ്ങളുടെ തോത് വംഗനാടിൽ കുറവായിരുന്നു. പക്ഷെ വർഗീയ കലാപങ്ങൾ മാത്രമല്ല ന്യൂന പക്ഷങ്ങളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ അവർക്കും കഴിഞ്ഞില്ല..! ഇടതു ഭരണത്തിൽ ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർകുന്ന  മുർഷിദാഭാദും, വെസ്റ്റ് മിദ്നാപൂരും, 24 പർഗാനയും അവഗണിക്കപെട്ടു എന്ന സത്യം വിളിച്ചു പറയാൻ സച്ചാർ കമ്മിറ്റി വരേണ്ടി വന്നു.

വ്യെക്തികളിലേക്ക് രാഷ്ട്രീയത്തെ ചുരുക്കി കെട്ടുമ്പോൾ പിന്നോക്ക- അധസ്ഥിത ജനവിഭാഗങ്ങളുടെ നിലനില്പിന്റെ രാഷ്ട്രീയം ഒറ്റു കൊടുക്കപ്പെടുകയാണ്. അല്ലാമ ഇഖ്ബാലിന്റെ ചരിത്രമുറങ്ങുന്ന മണ്ണിൽ മത സംരക്ഷകരെന്ന നാട്യം പേറുന്ന 'മൌലാനമാർ' സ്വതാല്പര്യങ്ങല്ക്ക് വേണ്ടി ജനതയെ ഒറ്റു കൊടുക്കുന്നത് സ്ഥിരം കാഴ്ചയാണ്. ബ്രിട്ടീഷ്‌ പട്ടാളത്തിനു മുൻപിൽ സർവ്വം ത്യജിച്ച് സമരത്തിനിറങ്ങിയ മൌലാന മുഹമ്മദലിയുടെ പാരമ്പര്യമവകാശപെടുന്ന ദൽഹി ഇമാമിനെ പോലുള്ളവർ 'മരുമകന് സ്ഥാനം നിഷേധിക്കപെടുമ്പോൾ സമാജ് വാദി പാർടികെതിരെ തിരിയുകയും അല്ലാത്തപ്പോൾ മുലായത്തെ 'മൗലവി' പട്ടം നല്കി ആദരിക്കുകയും ചെയ്യുന്ന കാഴ്ച നമുക്കിവിടെ കാണാം. മഹാ ഭൂരിപക്ഷം നിസ്വാർത്ഥമതികളായ  പണ്ഡിതർ രാഷ്ട്രീയത്തോട് പുറം തിരിഞ്ഞു നിൽക്കുകയും അനർഹർ രംഗം കീഴാടക്കുകയും ചെയ്യുന്നത് തീർച്ചയായും ആശാവഹമല്ല. അഭിമാനകരമായ അസ്തിത്വത്തിനു വേണ്ടിയുള്ള ആത്മാഭിമാനത്തിന്റെ രാഷ്ട്രീയത്തിന് നേത്രത്വം നല്കാൻ ചങ്കൂറ്റമുള്ള നേതൃത്വത്തിന്റെ   അഭാവം ഇവിടെ നിഴലിച്ചു കാണാം. അതുകൊണ്ട് തന്നെ മുലായം സിങ്ങിനും, ലാലു പ്രസാദ് യാദവിനും നോമ്പ് തുറ സംഘടിപ്പിച്ചും തൊപ്പി വച്ച് ദർഗയിൽ പോയും മാത്രം മുസ്ലിം വോട്ട് വാങ്ങി അധികാരത്തിലേറാം.